റിനു മോൻ (എന്റെ മൂത്ത മോനാണ് ) ഓടിക്കളിക്കുകയായിരുന്നു.
രണ്ടു കൈയിലും ഓരോ ആപ്പിൾ ഉണ്ട്.
എനിക്ക് അവനെ ഭയങ്കര ഇഷ്ടമാണ്.
അവനെന്നോടും അങ്ങിനെ തന്നെയാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
ഞാൻ പറഞ്ഞു,
മോനേ ഓടല്ലേ! വീഴും..
ഒരു ഭാഗത്തിരുന്ന് ആപ്പിൾ കഴിക്ക് എന്ന്.
അവൻ നല്ല കുട്ടിയായി എന്റടുത്ത് വന്നിരുന്നു.
ഞങ്ങൾ കുറെ കുശലങ്ങളൊക്കെ പറഞ്ഞു.
അവന് പറയാനുള്ളത് മുഴുവൻ കാറുകളെ കുറിച്ചാണ്.
ഞാൻ കേട്ടിരുന്നു.
കൂട്ടത്തിൽ ഞാൻ പറഞ്ഞു.
ഒരാപ്പിൾ ഉപ്പാക്ക് തരാമോ?
ഉടനെ അവൻ എഴുന്നേറ്റ് നിന്ന് വലതു കൈയിലെ ആപ്പിൾ ഒരു കടി കടിച്ചു.
ആ ചെറിയ കഷ്ണം തിന്ന ശേഷം മറ്റേ കൈയിൽ ഉള്ള ആപ്പിളും കടിച്ചു.
ഞാനോർത്തു.,
ഇത്രയും സ്േനഹത്തോടെ വളർത്തിയിട്ട് നിഷ്കളങ്കനായ ഈ പിഞ്ചു കുഞ്ഞിനും സ്നേഹം എന്ന വാക്കിനർത്ഥം അറിയില്ലല്ലോ പടച്ചവനേ!
എന്റെ ചിന്തകൾ ചീറി പാഞ്ഞു.
എങ്ങിനെ ഞാൻ അവനെ മനസിലാക്കി കൊടുക്കും സ്നേഹത്തെ കുറിച്ചും, സ്നേഹമുള്ളവർക്ക് പകുത്തു നൽകുന്നതിനെ കുറിച്ചും എല്ലാം .
സ്വപ്നത്തിൽ എന്ന പോൽ അവനെന്നെ വിളിച്ചു..
പാച്ചുപ്പാ.....
ഞാൻ തിരിഞ്ഞ് നോക്കി.
എന്റെ പൊന്നു മോൻ വലതു കൈയിലെ ആപ്പിൾ എനിക്കു നേരെ നീട്ടി നിൽക്കുന്നു.
ഞാൻ ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയി. എന്തിനു ഞാനെന്റ പൊന്നുമോനെ കുറിച്ച് ഇങ്ങിനെയൊക്കെ കാട്കയറി ചിന്തിച്ചു?
അപ്പോഴതാ പൊന്നുമോന്റെ മൊഴിമുത്തുകൾ!...
" ഇത് നല്ല മധുരം ഉണ്ട് പാച്ചുപ്പാ"
ഇത് പാച്ചുപ്പ എടുത്തോ,
മധുരമില്ലാത്തത് ഞാൻ തിന്നോളാം എന്ന വാക്കുകൂടി ആയപ്പോൾ ഞാൻ തളർന്നിരുന്നു.
